ബൂലോകത്തുള്ളവര്‍ക്ക് എന്‍റെ ഭൂലോകത്തിലേക്കു സ്വാഗതം .

Published by jayaraj under on 1:22 PM
എന്‍റെ വീട്ടുകാരെ ബൂലോകത്തുള്ള എന്‍റെ നല്ലവരായ കൂട്ടുകാര്‍ക്ക്  പരിചയപെടുത്താമെന്നു വിചാരിച്ചു. അതാണ്.
എന്‍റെ വീട് അക്ഷനഗരിയായ കോട്ടയത്താണ്. അവിടെ കുമാരനല്ലൂര്‍ എന്ന സ്ഥലത്താണ് താമസം.
ഇനി വീട്ടിലോട്ടു പോകാം. 
വഴിയില്‍ നിന്നും ഞങ്ങളുടെ വീട്ടിലേക്കു ഒരു ചെറിയ തൊണ്ട് ഉണ്ട്. ഏത് പാതിരാത്രിക്കും എത്ര വെള്ളമടിച്ചു പാമ്പായി വന്നു ഈ തൊണ്ടില്‍ കയറിയാല്‍  അവന്‍ എങ്ങും വീഴില്ല, അവന്‍ വീട്ടില്‍ തന്നെ വരും. കാരണം രണ്ടടി മാത്രം വീതിയുള്ള ഒരു വഴിയാണ് അത്. ( വീട്ടില്‍ ആരും പാമ്പായി വരാറില്ല , ആരും വെള്ളമാടിക്കുന്നവരില്ല എന്നതാണ് സത്യം ) . കൂടാതെ രണ്ടു വശത്തും മതിലാണ്. തന്നെയുമല്ല  90 ഡിഗ്രീ  വളവും ഇതില്‍ പെടും. അതിലെയാണ് ഞങ്ങളുടെ ഇരു ചക്ര വാഹനം ( സൈക്കിള്‍ ) കൊണ്ട് പോകുന്നത്. അതിന്‍റെ അവസാനം ഒരു പത്തു പടികളും കൂടി ഇറങ്ങിയാല്‍ ഇവിടെയാണ് എന്‍റെ 'ഉലകം' .
അവിടെ സ്ഥിരം താമസക്കാര്‍ എന്ന് പറയുന്നത് എന്‍റെ അച്ഛന്‍ , അമ്മ, ചേച്ചി, പിന്നെ എന്‍റെ രണ്ടു കാന്താരി അനന്തരവന്മാര്‍. ഇവരെ കൂടാതെ വേറെ മൂന്നു കുടുംബങ്ങള്‍ വേറെയും ഉണ്ട്. മറ്റാരുമല്ല ഞങ്ങളുടെ കോഴി കുടുംബം.
സില്‍കി കോഴി, ഗിരിരാജന്‍ കോഴി, നടന്‍ കോഴി ഇങ്ങനെ മൂന്നു കുടുംബങ്ങള്‍. പിന്നെ ഈ കഴിഞ്ഞ ദിവസം നാല് ബാച്ചിലേഴ്സും വന്നിട്ടുണ്ട്. പിന്നെ വീടിന്‍റെ കാവല്‍കാരന്‍ ഒരു ഉശിരന്‍ നായയും.

ഇനി അവിടെ ഇടയ്ക്കു മാത്രം വരുന്ന ജനങ്ങള്‍, അതില്‍ ഒന്ന് ഈ ഞാന്‍  തന്നെയാണ്. കാരണം ഞാന്‍ ശനിയാഴ്ച രാത്രിയില്‍ ആണ് വീട്ടില്‍ ചെല്ലുന്നത്. ബാക്കി തിങ്കള്‍ മുതല്‍ ശനി വരെ എറണാകുളത്താണ്. അടുത്തയാള്‍ എന്‍റെ അളിയന്‍. പുള്ളിയും ഞായറാഴ്ച വീട്ടില്‍ വരും.
പിന്നെയുണ്ട്‌ വേറെ ജനങ്ങള്‍. അത് മറ്റാരുമല്ല അവിടെ വരുന്ന പക്ഷികളും മറ്റുമാണ്. അവര്‍ വന്നു കുടില്‍ കെട്ടി താമസം ആക്കും. ഈ കഴിഞ്ഞ ദിവസം ചാമ്പ മരത്തില്‍ നോക്കുമ്പോള്‍ അവിടെ നല്ല ഒന്നാംതരം കൂട്. നോക്കിയപ്പോള്‍ അത് ഞങ്ങളുടെ മുറ്റത്ത്‌ എപ്പോഴും വരുന്ന സന്ധ്യ നാമകിളിയുടെതാണ്. എപ്പോഴും അത് വീട്ടിലെ മരത്തിലും അല്ലെങ്കില്‍ തിണ്ണയില്‍ ഇട്ടിരിക്കുന്ന കസേലയുടെ കയ്യിലും ഒക്കെ വന്നിരിക്കാറുണ്ട്. ഞങ്ങള്‍ എന്തെങ്കിലും ഇട്ടു കൊടുക്കും. അതും തിന്നിട്ടു പറന്നു തെങ്ങിന്‍റെ ചുവട്ടില്‍ പോയി തപ്പിപെരുക്കുന്നത് കാണാറുണ്ടായിരുന്നു. അത് വിചാരിച്ചുകാണും എന്തിനാ ഇനി ഇവിടെ നിന്നും പോകുന്നതെന്ന്. കാരണം കഴിക്കാനുള്ളത് താഴെകിട്ടും. അപ്പോള്‍ മുകളില്‍ താമസിച്ചാല്‍ എപ്പോഴും കുശാലല്ലേ, എന്ന്. പിന്നെ അണ്ണന്‍, കാക്ക, കുരുവി എന്നിവരുടെ വാസവും ഞങ്ങളുടെ വീട്ടിലുള്ള അരണമരത്തിലും ചെമ്പരത്തിയുടെ കാടിനകത്തും ഒക്കെയാണ്. കാക്ക രാവിലെ വന്നു അടുക്കളയുടെ  വെളിയില്‍  മതിലിന്‍റെ മുകളില്‍ കയറി അകത്തോട്ട് നോക്കി കരയും. വല്ലതും ആയോ  എന്നറിയാനാ. അതിനു അപ്പോള്‍ രാവിലെ വച്ച ചോറില്‍ നിന്നും ഒരു തവി ആവി പറക്കുന്ന ചോറ്. സ്ഥിരം സന്ദര്‍ശകരാണ്‌.പിന്നെയുള്ളത് ഒരു ചേരയാണ്‌. പുള്ളികാരി ഉച്ചയാകുമ്പോള്‍ അതിലെ വരും വീടിന്‍റെ അടിതരയോടു ചേര്‍ന്നുള്ള ചെറിയ പൊത്തുകളിലും പിന്നെ മതിലിന്‍റെ ഇടയിലും പരത്തി നടന്നു ചെറിയ ജീവികളെ പിടിച്ചു തിന്നുന്നത് കാണാം. ആളുകളെ കണ്ടാല്‍ അതിനു പേടിയില്ല. അത് പതിയെ അതിന്‍റെ പരിപാടി കഴിഞ്ഞു തിരിച്ചു പോകും. അതുപോലെ അരണ. പോടീ പിള്ളേര് തൊട്ടു വലിയവര്‍ വരെയുണ്ട് അവിടെ. അവരില്‍ ഒരു വലിയ അരണ ഉണ്ട്  അത് ചിലപ്പോള്‍ പാതകത്തിന്റെ അടിയിലും മറ്റും കയറി പരത്തി നടക്കുന്നത് കാണാം. ഇപ്പോഴും ഉണ്ട്. രാത്രിയില്‍ ഉറങ്ങാന്‍ വേണ്ടി മാത്രം വരുന്ന ഒരാളാണ് ഓന്ത്. പുള്ളി വൈകുന്നേരം വന്നു അയയുടെ ഒരു വശത്ത് കയറി ഉറങ്ങുന്നത് കാണാം. കാലത്ത് ഇറങ്ങി പോവുകയും ചെയ്യും.  അതുപോലെ ഇടയ്ക്കു വന്നു പോകുന്നവര്‍ വേറെയും ഉണ്ട്. ഉടുമ്പ് , കീരി, അതുപോലെ കോഴിയെ പിടിക്കുന്ന മറ്റൊറു ജീവി (പേരറിയില്ല), മരപട്ടി തുടങ്ങിയവര്‍.
പണ്ട് വീട്ടില്‍ മറ്റൊരു താമസക്കാര് കൂടി ഉണ്ടായിരുന്നു. പൂച്ച. ഇപ്പോള്‍ ഒരെണ്ണം പോലുമില്ല. എല്ലാം ചത്തുപോയി. ഉണ്ടായിരുന്നപ്പോള്‍ ഇരുപത്തിയഞ്ച് പൂച്ച വരെ ഉണ്ടായിരുന്നു. ചിലത് നാട് വിട്ടു പോയി. മറ്റു ചിലത് ചത്തുപോയി. 
അതുപോലെ ഞങ്ങള്‍ക്ക് ഒരു പിടകോഴി ഉണ്ടായിരുന്നു. ഞങ്ങളുമായി ഏറ്റവും അടുത്ത കോഴി ആയിരുന്നു. അതുമല്ല ആ വീട്ടില്‍ ആദ്യമായി കൊണ്ടുവന്ന കോഴിയും അവളായിരുന്നു. വീടിന്‍റെ അവിടെ കണ്ടില്ലെങ്കില്‍ " എടിയേ ............. " എന്ന് നീട്ടി വിളിച്ചാല്‍ ഏത് ദേശത്ത്‌ ഉണ്ടെങ്കിലും ആള് പറന്നെത്തും. 
ഈ പറഞ്ഞ ആളുകളെല്ലാം താമസിക്കുന്നത് മൂന്നു സെന്‍റ് സ്ഥലത്താണ്. അതില്‍ ഒരു വീടും പിന്നെ ഇട്ട വട്ടം ഉള്ള സ്ഥലത്തും ആയി ഇവര്‍ ( വീട്ടുകാര്‍ ഉള്‍പ്പടെ ) സ്വൈര്യ വിഹാരം നടത്തുന്നു. 
സാധാരണ നായകള്‍ ആണല്ലോ വീടിന്‍റെ കാവല്‍ . എന്നാല്‍ ഞങ്ങളുടെ വീട്ടില്‍ നായക്ക് പകരം ഞങ്ങളുടെ ഗിരിരാജന്‍ കോഴിയാണ് ആ പരിപാടി  നടത്തുന്നത്.  പരിചയമില്ലാത്ത ആളുകളുടെ ശബ്ദം ഞങ്ങളുടെ വീട്ടില്‍ കേട്ടാല്‍ അവന്‍ അപ്പുറത്തെ പറമ്പില്‍ നില്‍ക്കുകയാണെങ്കിലും നിമിഷ നേരം കൊണ്ട് മുറ്റത്ത്‌ കാണും. പിന്നെ അവിടെ കറങ്ങി നില്‍ക്കും. പരിചയമില്ലാത്ത ആളാണെങ്കില്‍ ഒരു "സമ്മാനം" അവന്റെ വക ഉറപ്പാണ്‌. അത് ഏത് വഴിക്കാണെന്ന് പറയുവാന്‍ പറ്റില്ല. അങ്ങനെ അവിടെ വന്നിട്ടുള്ള പലര്‍ക്കും അവന്‍ കൊത്ത് സമ്മാനം കൊടുത്തിട്ടുണ്ട്‌. അതുകാരണം വീട്ടില്‍ വരുന്നവര്‍ ആദ്യം ചോദിക്കുന്നത് കോഴി എന്തിയെ എന്നാണ്. അതുകാരണം ഇപ്പോള്‍ കൂട്ടിലാണ് വാസം.

20 comments:

ഭാനു കളരിക്കല്‍ said... @ January 24, 2011 at 1:38 PM

കലക്കി ജയരാജ്. ചെറു ജീവികളെ അടക്കം തന്റെ കുടുംബത്തിന്റെ ഭാഗമായി കാണുന്ന ഈ മനസ്സ് വലുതാണ്‌. നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹൃദയമാണിത്. എന്റെ അഭിനന്ദനങ്ങള്‍.

jayaraj said... @ January 24, 2011 at 1:51 PM

ഭാനു ചേട്ടാ, ആദ്യം തന്നെ വന്നതിനു നന്ദി. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇവരെല്ലാം എന്‍റെ വീട്ടുകാര്‍ തന്നെയാണ്.

എന്‍.ബി.സുരേഷ് said... @ January 24, 2011 at 2:07 PM

നമ്മുടേ സ്വന്തം ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന നോവലിലാണ് ഇത്രയും വലുപ്പമുള്ള ഒരു കുടുംബത്തെ ആ ‍ദ്യമായി പരിചയപ്പെടുന്നത്. ഭൂമിയുടെ അവകാശികളെയെല്ലാം സ്വന്തം കുടുംബക്കാരായി എണ്ണുന്ന ഈ രീതി വളർന്ന് വികസിക്കേണ്ടതുണ്ട്.

കുഞ്ഞൂസ്(Kunjuss) said... @ January 25, 2011 at 4:47 AM

ഭൂലോകത്ത് ഇത്രയും വലിയ കുടുംബം ഉള്ളതറിഞ്ഞു അസൂയ തോന്നുന്നു. നാട്ടിലെ വീട്ടില്‍ പണ്ട് ഉണ്ടായിരുന്നു ഇതുപോലെ കുറെ വീട്ടുകാര്‍....ഇപ്പോഴും ഉണ്ട്, കുറച്ചു പേരൊക്കെ... പക്ഷേ, ഇവിടെ ഫ്ലാറ്റിന്റെ ചെറിയ വൃത്തത്തിനുള്ളില്‍ ആരുമില്ലാതെ ....

സ്വപ്നസഖി said... @ January 25, 2011 at 8:08 AM

ആ ഭൂലോകത്തെ വലിയ കുടുംബത്തെ പരിചയപ്പെടുത്താന്‍ കാണിച്ച സന്മനസ്സിനു നന്ദി. പിന്നെ...ഈ ഗിരിരാജന്‍ കോഴിയെപോലൊരുവന്‍ എന്റെ അയല്‍പ്പക്കത്തുണ്ടായിരുന്നു. പണ്ട് എന്റെ ചുവന്ന കുപ്പായം കണ്ടിട്ടാണോ എന്നറിയില്ല എന്നെ പറന്നു കൊത്തിയിരുന്നു. പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനമായതുകൊണ്ടാണോ എന്നറിയില്ല...പൂവന്‍ കോഴികളെ എനിക്കിപ്പോഴും പേടിയാ...സത്യം. ഹ ഹ ഹ.

പിന്നേയ്...ഈ തൊണ്ട് എന്താണെന്നു മനസ്സിലായില്ല ട്ടൊ.പാലമാണോ?? തലശ്ശേരിഭാഷയില്‍ തൊണ്ട് എന്നു പറഞ്ഞാല്‍ കാലിയായ (ഉള്ളില്‍ കാമ്പില്ലാത്ത) തേങ്ങയാണ്.

ശ്രീജ എന്‍ എസ് said... @ January 25, 2011 at 1:42 PM

മനോഹരമായി എഴുതി.എനിക്കെന്റെ നാട്ടിലെ വീടും നഷ്‌ടമായ ആ ജീവിതവും ഓര്‍മ്മ വന്നു.ഞങ്ങള്‍ക്കും ഉണ്ടായിരുന്നു അങ്ങനെ എല്ലാര്ക്കും പ്രിയങ്കരിയായ ഒരു കോഴി.അവളുടെ ഫോട്ടോ ഉണ്ട് എന്റെ കയ്യില്‍ :).ഗിരിരാജനും ,പിന്നെ തൊപ്പി ഉള്ള കോഴികളും (അതിന്റെ പേര് ഓര്‍ക്കുന്നില്ല,ഒരാളെ ഹെഡ് എന്നും മറ്റെയാളെ എസ് ഐ എന്നും എന്റെ വല്യമ്മച്ചി വിളിക്കുമായിരുന്നു).ജയരാജിന്റെ എഴുത്ത് ഇഷ്ടമായി കേട്ടോ..ഞാനും കോട്ടയം കാരിയാണ്. കോട്ടയം എന്നതിനേക്കാള്‍ തോട്ടയ്ക്കാട്ട്കാരിയാണ് :)

jayaraj said... @ January 25, 2011 at 8:14 PM

@ എന്‍ ബി സുരേഷ് : സുരേഷ് ചേട്ടാ, വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാടു നന്ദി, ട്ടോ.
@ കുഞ്ഞുസ് : കുഞ്ഞേച്ചി , എനിക്ക് പക്ഷികളോടും മൃഗങ്ങളോടും വലിയ സ്നേഹമാണ്. ചെറുപ്പം മുതലേ ഏതെങ്കിലും ഒരു ജീവി കാണും വീട്ടില്‍ വളര്‍ത്തുവാന്‍. മിക്കവാറും പച്ചിലകുടുക്ക ( കോട്ടയത്ത്‌ ഇങ്ങന പറയുന്നത് ) ആയിരിക്കും. കാരണം അപ്പുറത്തെ പറമ്പിലെ കമുകിന്റെ മുകളില്‍ ഇതിന്‍റെ കൂടുണ്ടായിരുന്നു. അതില്‍ നിന്നും ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ താഴെ വീഴും. അതിനെ എടുത്തു വളര്‍ത്തുക. അതായിരുന്നു പരിപാടി. പറക്കുവാന്‍ തുടങ്ങുമ്പോള്‍ അവ അതിന്‍റെ പാട്ടിനു പോകും.
@ സ്വപ്നസഖി: സ്വപ്നം, ചുമപ്പു കണ്ടാല്‍ എതുജീവിയും സമ്മാനം "സമ്മാനം " തരും. ഞങ്ങളുടെ താഴത്തെ വീട്ടിലെ ഒരു തലതെറിച്ച കൊച്ചുണ്ട്. അതെപ്പോഴും അങ്ങനത്തെ വസ്ത്രം ആയിരിക്കും ഇടുന്നത്. പോരാത്തതിന് വെറുതെ നില്‍ക്കുന്ന കോഴിയെ കല്ലെടുത്ത്‌ എറിയും. പിന്നെ പറയണോ. ഒരു ദിവസം ഇതുപോലെ ആ കൊച്ചു അവനെ കല്ലെടുത്ത്‌ എറിഞ്ഞു. അവന്‍ ചെന്നു. കൊച്ചു ഓടി വീട്ടില്‍ കയറി. അവന്‍ വിടുമോ? ഞങ്ങള്‍ നോക്കുമ്പോള്‍ അവന്‍ അവരുടെ കതകില്‍ കൊത്തുകയാണ്. ആ കൊച്ചിനോടുള്ള അരിശം അങ്ങനെ തീര്‍ത്തു. വീട്ടില്‍ അല്ലാതെ വേറെ എവിടെയിന്കിലും വച്ചു ആരെ കണ്ടാലും അവനു കുഴപ്പലില്ല. പക്ഷെ അവനോടു വഴക്കിനു ചെന്നാല്‍ കിട്ടു. നൂറു ശതമാനം ഉറപ്പാ.

പിന്നെ തൊണ്ട് എന്ന് പറഞ്ഞത് ചെറിയ ഇട വഴിക്കാണ്. കോട്ടയത്ത്‌ അങ്ങനെ പറയും.
@ ശ്രീദേവി : ശ്രീദേവി, വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി. എന്‍റെ കൂടെ ജോലി ചെയ്തിരുന്ന ഒരു കുട്ടി ഉണ്ടായിരുന്നു. അതും തോട്ടക്കാട് നിന്നും വരുന്നതായിരുന്നു. പിന്നെ ആ സുന്ദരിയെ ഒന്ന് കാണണമല്ലോ. ഞാന്‍ ആ വഴി വന്നിരുന്നു. പുതിയ കവിതയ്ക്ക് കമന്റിട്ടിട്ടുണ്ട്. കേട്ടൊ

ജീവി കരിവെള്ളൂർ said... @ January 25, 2011 at 10:52 PM

ഭൂമിയുടെ അവകാശികള്‍ സസുഖം വാഴുന്നുണ്ടല്ലോ അല്ലേ . സംക്രാന്തിയെന്ന കുമാരനല്ലൂരല്ലേ , ഒരു പ്രാവശ്യം ഇറങ്ങിയിട്ടുണ്ട് അവിടെ .

Unknown said... @ January 26, 2011 at 1:29 AM

സുഹൃത്തെ,
അങ്ങനെ വിളിക്കുന്നതാണെനിക്കിഷ്ടം. മൂന്നിലധികം തവണ ഞാനീ ബ്ലോഗില്‍ വന്നു, കമന്റ് ഒന്നും എഴുതിയില്ല എന്നു തോന്നുന്നു. പക്ഷെ, ഇതു എനിക്കിഷ്ടപ്പെട്ടു. പ്രകൃതിയും, പ്രകൃതിസ്നേഹികളും എനിക്കു പ്രീയപ്പെട്ടവരാണ്. നമ്മളും പ്രകൃതിയുടെ ഒരു ഭാഗമല്ലേ?

രമേശ്‌ അരൂര്‍ said... @ January 27, 2011 at 12:04 PM

വീട്ടിലെ തടിമിടുക്കുള്ള രണ്ടു പേര്‍
(ജയരാജും ,അളിയനും )എറണാകുളത്ത് നിന്ന് ആഴ്ചയില്‍ ഒരിക്കലെ വരൂ എന്ന് പരസ്യം ആക്കരുതായിരുന്നു ..കോട്ടയത്ത് കള്ളന്മാര്‍ ഉള്ള വിവരം (ബ്ലോഗു വായിക്കുന്നവരും ഉണ്ടാകും ) അറിയില്ലേ ...വേഗം എല്ലാ ദിവസവും വീട്ടില്‍ ഉണ്ടാകുമെന്നും വളര്‍ത്തു നായ അപകട കാരിയാനെന്നും എഴുതൂ ..:)

jayaraj said... @ January 27, 2011 at 6:37 PM

@ ജിവി കരിവെള്ളൂര്‍: സംക്രാന്തി കുമാരനല്ലൂര്‍ കഴിഞ്ഞുള്ള സ്റ്റോപ്പാണ്. ഇനി ആ വഴി വരുമ്പോള്‍ വിളിക്ക് , നമ്മള്‍ക്ക് കാണാം.
@ അപ്പച്ചന്‍ ഒഴക്കല്‍: തീര്‍ച്ചയായും. പിന്നെ ഇവിടെ വന്നതിനും കമന്‍റ് ഇട്ടതിനും ഒരുപാടു നന്ദി.
@ രമേശ്‌ അരൂര്‍: അങ്ങനെ ഒരു കള്ളനും ഇന്നുവരെ വന്നിട്ടുമില്ല ഇനി വരുവാന്‍ സാധ്യത കുറവാണു താനും. അത് മറ്റൊരു രഹസ്യം .!!!!!!!

Unknown said... @ January 28, 2011 at 4:19 PM

നന്നായിട്ടുണ്ട് ...

കല്യാണിക്കുട്ടി said... @ February 3, 2011 at 1:57 PM

njaanum oru akshara nagari nivaasiyaane.....
nice blog...........

jayaraj said... @ February 3, 2011 at 6:45 PM

@ ജുവൈരിയ സലാം : അഭിപ്രായത്തിനു നന്ദി
@ കല്യാണികുട്ടി: കോട്ടയത്ത് എവിടെ ?

SURYA said... @ February 4, 2011 at 12:56 AM

bhoomiyude avakasikal 2011 alle... valare nannayirikunnu...thangalude kudumbangalkellam abhivaadyangal

Manoraj said... @ February 8, 2011 at 9:42 PM

വിവരണം നന്നായിട്ടുണ്ട്

lekshmi. lachu said... @ February 16, 2011 at 11:46 PM

ആരെയും വിട്ടുപോകാതെ ഉള്ള ഈ പരിചയ പെടുത്തല്‍ എന്തായാലും നന്നായി..

പ്രദീപ്‌ പേരശ്ശന്നൂര്‍ said... @ February 17, 2011 at 9:04 PM

well

ബെഞ്ചാലി said... @ March 8, 2011 at 2:14 AM

പ്രകൃതിയും, പ്രകൃതിസ്നേഹികളും :)
നന്നായിട്ടുണ്ട് ..

Nisha.. said... @ April 14, 2011 at 11:17 AM

അതേയ്, കോഴി എന്ത്യേ...? എനിക്കൊരു കമെന്റ് ഇടാന്‍ വരാനായിരുന്നു...
ഹ ഹ..കൊള്ളാം മനോഹരമായ ഒരു പരിചയപ്പെടുത്തല്‍ ...

Post a Comment

Powered by Blogger.