ബൂലോകത്തുള്ളവര്‍ക്ക് എന്‍റെ ഭൂലോകത്തിലേക്കു സ്വാഗതം .

Published by jayaraj under on 1:22 PM
എന്‍റെ വീട്ടുകാരെ ബൂലോകത്തുള്ള എന്‍റെ നല്ലവരായ കൂട്ടുകാര്‍ക്ക്  പരിചയപെടുത്താമെന്നു വിചാരിച്ചു. അതാണ്.
എന്‍റെ വീട് അക്ഷനഗരിയായ കോട്ടയത്താണ്. അവിടെ കുമാരനല്ലൂര്‍ എന്ന സ്ഥലത്താണ് താമസം.
ഇനി വീട്ടിലോട്ടു പോകാം. 
വഴിയില്‍ നിന്നും ഞങ്ങളുടെ വീട്ടിലേക്കു ഒരു ചെറിയ തൊണ്ട് ഉണ്ട്. ഏത് പാതിരാത്രിക്കും എത്ര വെള്ളമടിച്ചു പാമ്പായി വന്നു ഈ തൊണ്ടില്‍ കയറിയാല്‍  അവന്‍ എങ്ങും വീഴില്ല, അവന്‍ വീട്ടില്‍ തന്നെ വരും. കാരണം രണ്ടടി മാത്രം വീതിയുള്ള ഒരു വഴിയാണ് അത്. ( വീട്ടില്‍ ആരും പാമ്പായി വരാറില്ല , ആരും വെള്ളമാടിക്കുന്നവരില്ല എന്നതാണ് സത്യം ) . കൂടാതെ രണ്ടു വശത്തും മതിലാണ്. തന്നെയുമല്ല  90 ഡിഗ്രീ  വളവും ഇതില്‍ പെടും. അതിലെയാണ് ഞങ്ങളുടെ ഇരു ചക്ര വാഹനം ( സൈക്കിള്‍ ) കൊണ്ട് പോകുന്നത്. അതിന്‍റെ അവസാനം ഒരു പത്തു പടികളും കൂടി ഇറങ്ങിയാല്‍ ഇവിടെയാണ് എന്‍റെ 'ഉലകം' .
അവിടെ സ്ഥിരം താമസക്കാര്‍ എന്ന് പറയുന്നത് എന്‍റെ അച്ഛന്‍ , അമ്മ, ചേച്ചി, പിന്നെ എന്‍റെ രണ്ടു കാന്താരി അനന്തരവന്മാര്‍. ഇവരെ കൂടാതെ വേറെ മൂന്നു കുടുംബങ്ങള്‍ വേറെയും ഉണ്ട്. മറ്റാരുമല്ല ഞങ്ങളുടെ കോഴി കുടുംബം.
സില്‍കി കോഴി, ഗിരിരാജന്‍ കോഴി, നടന്‍ കോഴി ഇങ്ങനെ മൂന്നു കുടുംബങ്ങള്‍. പിന്നെ ഈ കഴിഞ്ഞ ദിവസം നാല് ബാച്ചിലേഴ്സും വന്നിട്ടുണ്ട്. പിന്നെ വീടിന്‍റെ കാവല്‍കാരന്‍ ഒരു ഉശിരന്‍ നായയും.

ഇനി അവിടെ ഇടയ്ക്കു മാത്രം വരുന്ന ജനങ്ങള്‍, അതില്‍ ഒന്ന് ഈ ഞാന്‍  തന്നെയാണ്. കാരണം ഞാന്‍ ശനിയാഴ്ച രാത്രിയില്‍ ആണ് വീട്ടില്‍ ചെല്ലുന്നത്. ബാക്കി തിങ്കള്‍ മുതല്‍ ശനി വരെ എറണാകുളത്താണ്. അടുത്തയാള്‍ എന്‍റെ അളിയന്‍. പുള്ളിയും ഞായറാഴ്ച വീട്ടില്‍ വരും.
പിന്നെയുണ്ട്‌ വേറെ ജനങ്ങള്‍. അത് മറ്റാരുമല്ല അവിടെ വരുന്ന പക്ഷികളും മറ്റുമാണ്. അവര്‍ വന്നു കുടില്‍ കെട്ടി താമസം ആക്കും. ഈ കഴിഞ്ഞ ദിവസം ചാമ്പ മരത്തില്‍ നോക്കുമ്പോള്‍ അവിടെ നല്ല ഒന്നാംതരം കൂട്. നോക്കിയപ്പോള്‍ അത് ഞങ്ങളുടെ മുറ്റത്ത്‌ എപ്പോഴും വരുന്ന സന്ധ്യ നാമകിളിയുടെതാണ്. എപ്പോഴും അത് വീട്ടിലെ മരത്തിലും അല്ലെങ്കില്‍ തിണ്ണയില്‍ ഇട്ടിരിക്കുന്ന കസേലയുടെ കയ്യിലും ഒക്കെ വന്നിരിക്കാറുണ്ട്. ഞങ്ങള്‍ എന്തെങ്കിലും ഇട്ടു കൊടുക്കും. അതും തിന്നിട്ടു പറന്നു തെങ്ങിന്‍റെ ചുവട്ടില്‍ പോയി തപ്പിപെരുക്കുന്നത് കാണാറുണ്ടായിരുന്നു. അത് വിചാരിച്ചുകാണും എന്തിനാ ഇനി ഇവിടെ നിന്നും പോകുന്നതെന്ന്. കാരണം കഴിക്കാനുള്ളത് താഴെകിട്ടും. അപ്പോള്‍ മുകളില്‍ താമസിച്ചാല്‍ എപ്പോഴും കുശാലല്ലേ, എന്ന്. പിന്നെ അണ്ണന്‍, കാക്ക, കുരുവി എന്നിവരുടെ വാസവും ഞങ്ങളുടെ വീട്ടിലുള്ള അരണമരത്തിലും ചെമ്പരത്തിയുടെ കാടിനകത്തും ഒക്കെയാണ്. കാക്ക രാവിലെ വന്നു അടുക്കളയുടെ  വെളിയില്‍  മതിലിന്‍റെ മുകളില്‍ കയറി അകത്തോട്ട് നോക്കി കരയും. വല്ലതും ആയോ  എന്നറിയാനാ. അതിനു അപ്പോള്‍ രാവിലെ വച്ച ചോറില്‍ നിന്നും ഒരു തവി ആവി പറക്കുന്ന ചോറ്. സ്ഥിരം സന്ദര്‍ശകരാണ്‌.പിന്നെയുള്ളത് ഒരു ചേരയാണ്‌. പുള്ളികാരി ഉച്ചയാകുമ്പോള്‍ അതിലെ വരും വീടിന്‍റെ അടിതരയോടു ചേര്‍ന്നുള്ള ചെറിയ പൊത്തുകളിലും പിന്നെ മതിലിന്‍റെ ഇടയിലും പരത്തി നടന്നു ചെറിയ ജീവികളെ പിടിച്ചു തിന്നുന്നത് കാണാം. ആളുകളെ കണ്ടാല്‍ അതിനു പേടിയില്ല. അത് പതിയെ അതിന്‍റെ പരിപാടി കഴിഞ്ഞു തിരിച്ചു പോകും. അതുപോലെ അരണ. പോടീ പിള്ളേര് തൊട്ടു വലിയവര്‍ വരെയുണ്ട് അവിടെ. അവരില്‍ ഒരു വലിയ അരണ ഉണ്ട്  അത് ചിലപ്പോള്‍ പാതകത്തിന്റെ അടിയിലും മറ്റും കയറി പരത്തി നടക്കുന്നത് കാണാം. ഇപ്പോഴും ഉണ്ട്. രാത്രിയില്‍ ഉറങ്ങാന്‍ വേണ്ടി മാത്രം വരുന്ന ഒരാളാണ് ഓന്ത്. പുള്ളി വൈകുന്നേരം വന്നു അയയുടെ ഒരു വശത്ത് കയറി ഉറങ്ങുന്നത് കാണാം. കാലത്ത് ഇറങ്ങി പോവുകയും ചെയ്യും.  അതുപോലെ ഇടയ്ക്കു വന്നു പോകുന്നവര്‍ വേറെയും ഉണ്ട്. ഉടുമ്പ് , കീരി, അതുപോലെ കോഴിയെ പിടിക്കുന്ന മറ്റൊറു ജീവി (പേരറിയില്ല), മരപട്ടി തുടങ്ങിയവര്‍.
പണ്ട് വീട്ടില്‍ മറ്റൊരു താമസക്കാര് കൂടി ഉണ്ടായിരുന്നു. പൂച്ച. ഇപ്പോള്‍ ഒരെണ്ണം പോലുമില്ല. എല്ലാം ചത്തുപോയി. ഉണ്ടായിരുന്നപ്പോള്‍ ഇരുപത്തിയഞ്ച് പൂച്ച വരെ ഉണ്ടായിരുന്നു. ചിലത് നാട് വിട്ടു പോയി. മറ്റു ചിലത് ചത്തുപോയി. 
അതുപോലെ ഞങ്ങള്‍ക്ക് ഒരു പിടകോഴി ഉണ്ടായിരുന്നു. ഞങ്ങളുമായി ഏറ്റവും അടുത്ത കോഴി ആയിരുന്നു. അതുമല്ല ആ വീട്ടില്‍ ആദ്യമായി കൊണ്ടുവന്ന കോഴിയും അവളായിരുന്നു. വീടിന്‍റെ അവിടെ കണ്ടില്ലെങ്കില്‍ " എടിയേ ............. " എന്ന് നീട്ടി വിളിച്ചാല്‍ ഏത് ദേശത്ത്‌ ഉണ്ടെങ്കിലും ആള് പറന്നെത്തും. 
ഈ പറഞ്ഞ ആളുകളെല്ലാം താമസിക്കുന്നത് മൂന്നു സെന്‍റ് സ്ഥലത്താണ്. അതില്‍ ഒരു വീടും പിന്നെ ഇട്ട വട്ടം ഉള്ള സ്ഥലത്തും ആയി ഇവര്‍ ( വീട്ടുകാര്‍ ഉള്‍പ്പടെ ) സ്വൈര്യ വിഹാരം നടത്തുന്നു. 
സാധാരണ നായകള്‍ ആണല്ലോ വീടിന്‍റെ കാവല്‍ . എന്നാല്‍ ഞങ്ങളുടെ വീട്ടില്‍ നായക്ക് പകരം ഞങ്ങളുടെ ഗിരിരാജന്‍ കോഴിയാണ് ആ പരിപാടി  നടത്തുന്നത്.  പരിചയമില്ലാത്ത ആളുകളുടെ ശബ്ദം ഞങ്ങളുടെ വീട്ടില്‍ കേട്ടാല്‍ അവന്‍ അപ്പുറത്തെ പറമ്പില്‍ നില്‍ക്കുകയാണെങ്കിലും നിമിഷ നേരം കൊണ്ട് മുറ്റത്ത്‌ കാണും. പിന്നെ അവിടെ കറങ്ങി നില്‍ക്കും. പരിചയമില്ലാത്ത ആളാണെങ്കില്‍ ഒരു "സമ്മാനം" അവന്റെ വക ഉറപ്പാണ്‌. അത് ഏത് വഴിക്കാണെന്ന് പറയുവാന്‍ പറ്റില്ല. അങ്ങനെ അവിടെ വന്നിട്ടുള്ള പലര്‍ക്കും അവന്‍ കൊത്ത് സമ്മാനം കൊടുത്തിട്ടുണ്ട്‌. അതുകാരണം വീട്ടില്‍ വരുന്നവര്‍ ആദ്യം ചോദിക്കുന്നത് കോഴി എന്തിയെ എന്നാണ്. അതുകാരണം ഇപ്പോള്‍ കൂട്ടിലാണ് വാസം.

ഇങ്ങനെയും മോഡി പിടിപ്പിക്കാം

Published by jayaraj under on 11:38 AM
ഇത് കണ്ടിട്ട് വല്ലതും മനസ്സിലായോ? മനസിലായികാണില്ല എന്നറിയാം അതുകൊണ്ട് പറയാം. ഇതു ഫോര്‍ട്ട്‌ കൊച്ചിയിലെ ഒരു ബോട്ടുജെട്ടിയാണ്. അവിടെയുള്ള മെയിന്‍ ഗേറ്റിന്റെ ഫോട്ടോയാണ് കൊടുത്തിരിക്കുന്നത്‌. ഈ ഗേറ്റ് വശങ്ങളിലേക്ക് തള്ളി മാറ്റാവുന്ന രീതിയില്‍ നിര്‍മിച്ചതായിരുന്നു, പണ്ട്. പക്ഷെ ഇപ്പോള്‍ അത് അവിടെ നിന്നും അനങ്ങില്ല. കാരണം അതിന്‍റെ ചുവട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന ചക്രങ്ങള്‍ മാര്‍ബിള്‍ പാളികള്‍ കൊണ്ട് പകുതി മൂടപെട്ടിരിക്കുന്നു. അത് നിര്‍മിച്ചപ്പോള്‍ ആരും കാണാതിരുന്നതോ അതോ  ഇനി ആരും ഈ വാതില്‍ അങ്ങനെ തള്ളി തുറക്കേണ്ട എന്ന് കരുതിയിട്ടോ? അറിയില്ല. എന്തായാലും ഇപ്പോള്‍ യാത്രകരെ നിയന്ത്രിക്കുന്നത്‌ ആ ഗേറ്റില്‍ നിന്നും ഒരു കയര്‍ തൂണുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബോട്ട് വന്നാല്‍ അപ്പോള്‍ ഈ കയര്‍ അഴിച്ചുവിടും. പിന്നെ കേട്ടും. 
ഇതിന്‍റെ വല്ല കാര്യവും ഉണ്ടോ? നല്ല ഒന്നാംതരം ഗേറ്റ് ഉണ്ടായിട്ടു അത് എങ്ങനത്തെ കോമാളിത്തരം കാണിച്ചു വച്ചിരിക്കുന്നു. 

ഇങ്ങനെയും മോഡി പിടിപ്പിക്കാം

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി ...........

Published by jayaraj under on 3:22 PM
ഒരു നാട്ടിന്‍പുറം ദൃശ്യം
(ഒരു യാത്രയില്‍ പകര്‍ത്തിയത്)
Powered by Blogger.