ഓര്‍മയ്ക്ക് പേരാണ് ഓണം

Published by jayaraj under on 10:14 AM
അങ്ങനെ ഒരു ഓണം കൂടി വന്നെത്തിയിരിക്കുന്നു. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴഞ്ചൊല്‍ . പണ്ടൊക്കെ ഓണം വന്നാല്‍ നാട്ടില്‍ മുഴുവന്‍ ഒരു ഉത്സവ പ്രതീതി ആയിരുന്നു. എവിടെയും കലാ കായികപരിപാടികള്‍ . തുമ്പി തുള്ളല്‍ , പുലികളി, നാടന്‍ പന്തുകളി, ഓണത്തല്ല്, ഉഞ്ഞാല്‍ ആട്ടം , വടം വലി മത്സരം, ഇങ്ങനെ നീണ്ടു പോകുന്നു കായിക പരിപാടികള്‍. അതുപോലെ നാട്ടിലെ ചെറിയ ക്ലബ്ബുകള്‍ സംഘടിപ്പിക്കുന്ന മത്സരങ്ങള്‍. അങ്ങനെ നാട് മുഴുവന്‍ ഓണം കൊണ്ടാടിയിരുന്നു. ഇന്ന് ശരിക്ക് പറഞ്ഞാല്‍ ഓണം എന്ന് പറയുന്നത് തിരുവോണം മാത്രമായി ചുരുങ്ങിയിരിക്കുന്നു. കാരണം സമയ കുറവ് തന്നെ. എല്ലാവരും പരക്കം പായുകയാണ്. അതിനിടയില്‍ എന്ത് ഓണം? ഇപ്പോള്‍ എല്ലാ സാധനവും ready made കിട്ടും . ഇങ്ങേയറ്റം വാഴയില വരെ. ഇനി അതിനും കഴിഞ്ഞില്ലെങ്കില്‍ അടുത്തുള്ള നല്ല ഹോട്ടലില്‍ ചെന്നാല്‍ അവിടെ കിട്ടും നല്ല ഓണ സദ്യ. കാശ് കൊടുത്തു ഓണം ആഘോഷിക്കുന്നവര്‍. ഇപ്പോള്‍ എല്ലാം അണുകുടുംബം ആണ്. ഓണത്തിന്‍റെ അന്ന് എല്ലാവരും ടി വി യുടെ മുന്‍പില്‍ നിന്നും മാറില്ല. കാരണം അവര്‍ക്ക് ഇഷ്ടപെട്ട സിനിമ കാണുവാന്‍ വേണ്ടി അവിടെ ഇരിക്കും. ഇതാണ് ഇന്നത്തെ അവസ്ഥ. പഴയ കാലത്ത് , കൂട്ടുകുടുംബം ഉണ്ടായിരുന്നപ്പോള്‍ ഓണത്തിന് തൊടിയിലെ മാവില്‍ ഉഞ്ഞാല്‍ കെട്ടി അതില്‍ ആടുവാന്‍ കുട്ടികള്‍ ബഹളം ആയിരുന്നു. അതുപോലെ അടുത്തുള്ള കൊയ്തു കഴിഞ്ഞ പാടത്തും പറമ്പിലും കലാ പരിപാടികള്‍ കാണുവാനും അതില്‍ ചേരുവാനും ഉത്സാഹമായിരുന്നു. ഓണത്തിന് വീട്ടിലെ മൂത്ത കാരണവര്‍ മക്കള്‍ക്കും ചെറു മക്കള്‍ക്കും ഓണക്കോടി നല്‍കുമായിരുന്നു. ഇന്നതൊക്കെ പോയിരിക്കുന്നു. ഇന്നത്തെ കുട്ടികള്‍ക്ക് മലയാള മാസമോ നാളുകളോ ഒന്നും അറിയില്ല. ഒരു യുവാവിനോട് അത്തം മുതല്‍ തിരുവോണം വരെയുള്ള നാളുകള്‍ അറിയാമോ എന്ന് ചോദിച്ചപ്പോള്‍ അത്തം, ചിത്തിര, ചോദി, വിശാഖം, അനിഴം പിന്നെ അറിയില്ല. അത് തന്നെ ഒരു വിധത്തില്‍ ഒപ്പിച്ചതാണ്. എന്നാല്‍ യുവതികള്‍ക്ക്‌ എത്രയും കൂടി അറിയില്ല എന്നറിഞ്ഞപ്പോള്‍ ശരിക്കും സങ്കടം തോന്നി. അത്രക്കും മാറിയിരിക്കുന്നു. അതുപോലെ അത്തം മുതല്‍ വീട് മുട്ടത്തു പൂക്കളം ഇടുമായിരുന്നു പാട്. അതിനുള്ള പൂവുകള്‍ അതിരാവിലെ ചെന്ന് തൊടിയില്‍ നിന്നും മാട്ടയില്‍ നിന്നും ഒക്കെ പറിച്ചു കൊണ്ട് വരും. എന്നിട്ട് എല്ലാവരും കൂടിയിരുന്നു പൂക്കളം ഇടും. ഇപ്പോള്‍ പൂവും ഇല്ല പൂക്കളവും ഇല്ല. ഇപ്പോള്‍ പൂക്കളം ഇടുന്നത് കോളേജുകളിലും സ്കൂളുകളിലും മാത്രമാണ്. അതും വിലക്ക് പൂക്കള്‍ വാങ്ങി പൂക്കളമിടുന്നു. ഇപ്പോള്‍ തുമ്പപ്പൂ എന്നൊരു പൂ കനികനുവാന്‍ കിട്ടില്ല. അങ്ങനെ പലതരം പൂക്കളും ഇപ്പോള്‍ കിട്ടാനില്ലാതെ ആയിരിക്കുന്നു. പിന്നെ എങ്ങനെ പൂ ഇടാന്‍? അതുപോലെ ഇപ്പോള്‍ എവിടെയാണ് മുറ്റമുള്ള വീട്? എല്ലായിടത്തും ഫ്ലാറ്റ് ആണല്ലോ. എല്ലാവരും ഓണത്തിന്റെ അന്ന് അങ്ങോട്ടും ഇങ്ങോട്ടും ഫോണില്‍ വിളിച്ചു ഓണാശംസകള്‍ പറയുന്നതോടെ ആ കാര്യവും തീര്‍ന്നു. പിന്നെ അങ്ങോട്ട്‌ പോകണ്ടല്ലോ. അവിടെയും ലാഭം. "മലയാളിയുടെ ഉത്സവമാണ് ഓണം" എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മലയാളിയുടെ ഉത്സവം "ഹര്‍ത്താല്‍ " ആയി. ഓണം കലണ്ടറിലെ ചുവന്ന ഒരക്കം മാത്രമായിരിക്കുന്നു. ഇനിയുള്ള വളര്‍ന്നു വരുന്ന തലമുറയെങ്കിലും എല്ലാം കണ്ടും കേട്ടും പഠിച്ചു ഒരു നല്ല മലയാളി ആയി വരട്ടെ എന്ന് ആഗ്രഹിക്കുന്നു.
"ഓര്‍മയ്ക്ക് പേരാണ് ഓണം"
അതെ, പഴയകാലത്തെ ആ നാളുകള്‍. അതായിരുന്നു ശരിക്കുള്ള "ഓണം"
ഇവിടെ ഞാന്‍ ആരെയും കുറ്റപെടുത്തുന്നില്ല . ചുറ്റുപാടുകളില്‍ കാണുന്ന കാര്യം പറയുന്നു, അത്രമാത്രം.

7 comments:

രാമു said... @ August 8, 2010 at 10:27 PM

ഇന്നലെകള്‍ നന്മകളാല്‍ സമൃദ്ധമാണ്‌ എല്ലാ തലമുറയ്‌ക്കും. അത്‌ സാഹിത്യത്തിന്റെ കൂടി പ്രശ്‌നമാണ്‌. ഒരിടക്കാലത്തിന്‌ മുന്‍പ്‌ വരെ ഓണം സമൂഹത്തിലെ എത്ര ശതമാനം പേര്‍ ആഘോഷിച്ചിരുന്നു. ഇന്നത്തെ ഓണത്തിന്‌ പ്രകടനപരതയുണ്ടെങ്കിലും ആഴം കുറഞ്ഞിട്ടുണ്ടെങ്കിലും അതിന്‌ കൂടുതല്‍ പരപ്പ്‌ കൈവന്നിട്ടില്ലേ. അങ്ങിനെയൊക്കെ ആശ്വസിക്കാന്‍ ശ്രമിക്കാം ജയരാജ്‌...
ജയരാജിന്റെ നഷ്ടബോധവും ആശങ്കകളും തിരിച്ചറിയുന്നു. നല്ലൊരു പോസ്‌റ്റ്‌.

ജീവി കരിവെള്ളൂര്‍ said... @ August 8, 2010 at 10:33 PM

കാലത്തിന്‍റെ മാറ്റം ആഘോഷങ്ങളുടെ രീതിയിലും ഉണ്ടാവുമല്ലോ മാഷേ .പിന്നെ കൂട്ടു കുടുംബത്തില്‍ ഓണത്തിന്‍റെ അന്നൊക്കെ മാത്രമേ വല്ലതും നേരെചൊവ്വേ കിട്ടൂ എന്നൊക്കെയാണ് കേട്ടിട്ടുള്ളത് .അന്നത്തെ കുടുംബങ്ങളിലെ സാമ്പത്തികാവസഥ പറഞ്ഞു കേട്ടുള്ള അറിവുമാത്രമേ ഉള്ളൂ.പിന്നെ ആഘോഷങ്ങള്‍ ആരെയെങ്കിലും ബോധിപ്പിക്കാന്‍ വേണ്ടിയല്ലല്ലോ .അപ്പോ “കാണം വിറ്റും ഓണം ഉണ്ണണം “ എന്നുപറയുന്നതില്‍ എന്തോ ഒരു രസക്കേട് തോന്നാറുണ്ട് (ഇതെന്‍റെ മാത്രം തോന്നലാവും ക്ഷമിക്കുമല്ലോ )

അക്ഷരപിശാച് പലയിടത്തായി വിലസുന്നുണ്ട് .ശ്രദ്ധിക്കുമല്ലോ .
ഓണാശംസകള്‍

സലാഹ് said... @ August 9, 2010 at 4:02 PM

ചിത്രമൊന്നുമിട്ടില്ലേ

Vayady said... @ August 10, 2010 at 8:08 AM

ജയരാജ് പറഞ്ഞതില്‍ സത്യമില്ലാതില്ല. എല്ലാവര്‍ക്കുമിപ്പോള്‍ ഓണം TVയിലാണ്‌. ഇപ്പോള്‍ മാവേലിക്കു പകരം നമുക്ക് ഓണം കൊണ്ടു വരുന്നത് സിനിമ നടന്മാരും, നടികളുമാണ്‌. ഈ പോസ്റ്റ് കുട്ടിക്കാലത്തെ ഓണത്തിന്റെ മധുരമുള്ള ഓര്‍മ്മകള്‍ മനസ്സില്‍ എത്തിച്ചു.

ഓണത്തിന്റെ ഒന്നു രണ്ടു ചിത്രവും കൂടി ചേര്‍ക്കാമായിരുന്നു.

jayaraj said... @ August 10, 2010 at 8:44 AM

രണ്ടെണ്ണം വരച്ചിട്ടുണ്ട്.ഉടനെ പോസ്റ്റ്‌ ചെയ്യുന്നുണ്ട്

Nanda said... @ August 11, 2010 at 2:21 PM

നഷ്ട സ്വര്‍ഗങ്ങള്‍??????

റോസാപ്പൂക്കള്‍ said... @ August 11, 2010 at 11:06 PM

കാലത്തിനൊത്ത് കോലം തുള്ളാതെന്തു ചെയ്യും. എന്നാലും ടിവിയിലെ ഓണാഘോഷങ്ങള്‍ ഒരു പ്രവാസി എന്ന നിലയില്‍ ഞാന്‍ ആസ്വദിക്കുന്നു. അല്ലെങ്കില്‍ അന്യ നാട്ടില്‍ കഴിയുന്ന എന്നെപ്പോലുള്ളവര്‍ക്ക് ഓണമായി എന്നു ഒന്നു തോന്നണ്ടേ

Post a Comment

Powered by Blogger.